09:44pm 19 September 2026
NEWS
സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാരിയർ
19/09/2026  08:08 PM IST
nila
സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാരിയർ

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാരിയർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാരിയർ ഹർജി നൽകിയത്. തനിക്കെതിരെ സംവിധായകൻ നിരന്തരം മോശവും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങൾ നടത്തുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

സനൽകുമാർ ശശിധരൻ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നും മഞ്ജു വാരിയർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ അഭിഭാഷക ഉടൻ മാധ്യമങ്ങളെ കാണും.

മഞ്ജു വാരിയർ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ അതിൽനിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യഗ്രഹം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് മഞ്ജു വാരിയർ നിയമനടപടിയുമായി മുന്നോട്ടുപോയത്.

മഞ്ജു വാരിയർക്കെതിരെ ഇനി അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന് കോടതിയുടെ താൽക്കാലിക ഉത്തരവുണ്ടെന്ന് അഭിഭാഷക ശാന്തി മായാദേവി പറഞ്ഞു. ദിവസേന നിരവധി ആരോപണങ്ങളാണ് സനൽകുമാർ ശശിധരൻ മഞ്ജുവിനെതിരെ ഉന്നയിക്കുന്നതെന്നും ഒരു വ്യക്തിയെ നിരന്തരം അധിക്ഷേപിക്കുന്ന സാഹചര്യമാണുള്ളതെന്നും അഭിഭാഷക ആരോപിച്ചു.

സനൽകുമാർ ശശിധരനെതിരെ മാത്രമല്ല, നിരവധി ഓൺലൈൻ ചാനലുകൾക്കെതിരെയും പരാതി നൽകിയിട്ടുണ്ടെന്ന് ശാന്തി മായാദേവി വ്യക്തമാക്കി. സമൂഹത്തിൽ ജീവിക്കുന്ന ഒരാളുടെ വ്യക്തിപരമായ മാന്യതയും ബഹുമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

മഞ്ജു വാരിയർ പൊതുസമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണെന്നും ഓരോ ആരോപണത്തിനും മറുപടി നൽകാൻ അവർ നിരന്തരം വാർത്താസമ്മേളനങ്ങൾ നടത്തേണ്ട സാഹചര്യമില്ലെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img